ഒട്ടാവ : ഇന്ത്യൻ വംശജയായ ഗുർസിമ്രാൻ കൗറിന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് കാനേഡിയൻ പോലീസ്. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും മറ്റാരുടെയും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് തിങ്കളാഴ്ച കാനഡയിലെ ഹാലിഫാക്സ് റീജ്യണൽ പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. കഴിഞ്ഞ മാസമാണ് യുവതിയെ വാൾമാർട്ട് സ്റ്റോറിനകത്തെ വലിയ വാക് ഇൻ ഓവനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസുകാരിയായ ഗുർസിമ്രാൻ കൗർ ഒക്ടോബർ 19നാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി വാൾമാർട്ടിൽ ജോലി ചെയ്യുകയായിരുന്നു അവർ. ഗുർസിമ്രാന്റെ അമ്മയും ഇവിടെത്തന്നെ ജോലി ചെയ്യുകയാണ്.
യുവതിയുടെ മരണത്തിന് കാരണമായ ഓവൻ പുറത്തു നിന്ന് ഓൺ ചെയ്യപ്പെട്ടതാണെന്നും അതിന്റെ ഡോർ ഹാൻഡിൽ തുറക്കാൻ നല്ല ബുദ്ധിമുട്ടാണെന്നും ഗുർസിമ്രാന്റെ ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ബ്രീസ് എന്ന യുവതി ടിക്ടോക് വീഡിയോയിൽ ആരോപിച്ചിരുന്നു. ഓവനിനകത്ത് കുനിഞ്ഞ് വേണം കയറാൻ. അകത്ത് ഒരു എമർജൻസി ലാച്ച് സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ ഒരു തൊഴിലാളിക്ക് ജോലിയുടെ ഭാഗമായി ഓവനിനകത്തേക്ക് കയറേണ്ട ആവശ്യമില്ലെന്നും അതുകൊണ്ടുതന്നെ അകത്ത് കയറി തനിയെ ലോക്ക് ചെയ്യാൻ ഒരു സാധ്യതയുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഓവന്റെ ഡോർ സ്വയം അടയുന്നതല്ലെന്ന് മറ്റൊരു ജീവനക്കാരിയായ മേരിയും പറഞ്ഞു.