കോന്നി : ശ്രദ്ധ അല്പം ഒന്ന് തെറ്റിയാൽ കാലിടറി കനാലിൽ വീഴും. ഇതാണ് കലഞ്ഞൂർ കുടപ്പാറ കാമ്പിത്താൻ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ കെ.ഐ.പി കനാൽ പാലത്തിലെ കൈവരികളുടെ അവസ്ഥ.
കാലമേറെയായി പാലത്തിന്റെ കൈവരികൾ തകർന്നിട്ട്. അധികൃതരോട് നേരിട്ടും അല്ലാതെയും പലതവണ ആവശ്യപ്പെട്ടിട്ടും ഇത് പുനർനിർമ്മിക്കാൻ നടപടിയില്ലാത്തതിനാൽ നാട്ടുകാർ ചേർന്ന് പാലത്തിൽ കൈവരികൾ ഇല്ലാത്ത ഭാഗത്ത് മുളകൾ കൂട്ടിക്കെട്ടി താത്കാലിക കൈവരികൾ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. ഇളകി മാറിയ കൈവരികളുടെ മറുഭാഗത്ത് കാലപ്പഴക്കം മൂലം കൈവരികളിലെ കോൺക്രീറ്റ് പാളികൾ ഇളകി മാറി തുരുമ്പിച്ച കമ്പികൾ പുറത്ത് കാണത്തക്ക വിധത്തിൽ തെളിഞ്ഞ് നിൽക്കുകയാണ്. കനാലിന്റെ നിർമ്മാണ വേളയിൽ സ്ഥാപിച്ച വലിയ പാലങ്ങളിൽ ഒന്നാണിത്. കനാലിന്റെ സമീപത്ത് ജനവാസമേഖലയുമാണ്.
ഐതീഹ്യമാലയിൽ ഉൾപ്പെടെ ചരിത്രപുരുഷനായ കാമ്പിത്താൻ കലഞ്ഞൂർ കുടപ്പറയിൽ വന്നു എന്ന് ചരിത്രം രേഖപെടുത്തിയിട്ടുള്ളതിനാൽ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്. കൈവരി തകർന്ന ഈ പാലം കടന്നെങ്കിൽ മാത്രമേ ഇവർക്ക് കുടപ്പാറയിൽ എത്തിച്ചേരുന്നതിന് സാധിക്കുകയുള്ളൂ.വരൾച്ചയുടെ നാളുകളിൽ കനാൽ തുറന്ന് വിടുമ്പോൾ കനാൽ നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. ഇതിന് സമീപത്തെ വീടുകളിൽ കൊച്ചുകുട്ടികൾ ഉള്ളതിനാൽ പാലത്തിന്റെ അപകടാവസ്ഥ കാരണം ഇവരെ വീടിനുപുറത്തേക്ക് വിടുന്നതിനും മാതാപിതാക്കൾക്ക് ഭയമാണിപ്പോൾ. വളരെയേറെ കാലപ്പഴക്കം ചെന്ന പാലത്തിന്റെ കൈവരികൾ പുനർനിർമ്മിച്ചില്ലെങ്കിൽ വലിയ അപകടമാകും ഇവിടെ ജനങ്ങളെ കാത്തിരിക്കുന്നത്.