വള്ളികുന്നം : കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വർഷങ്ങളായി തകർച്ചയിൽ. വള്ളികുന്നം പഞ്ചായത്തിലൂടെ കൊല്ലം ജില്ലയിലെ പാവുമ്പയിലേക്കു പോകുന്ന ഇടതുകര മെയിൻ കനാലും ഉപകനാലുകളുമാണ് വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാതെ നശിക്കുന്നത്. വെള്ളം തുറന്നുവിടുമ്പോൾ മിക്ക ഭാഗങ്ങളിലും അക്വാഡക്ടുകൾ ചോർന്നൊലിക്കുകയാണ്. ഉപകനാലുകൾ മിക്കഭാഗങ്ങളിലും വശങ്ങളിലെ മണ്ണടർന്ന് കനാലിനുള്ളിലേക്കു വീണ് ഒഴുക്കു തടസ്സപ്പെടുത്തുന്ന നിലയിലാണ്.
അഞ്ചുവർഷം മുൻപാണ് വള്ളികുന്നം വൈദ്യുത സബ്‌സ്റ്റേഷനു സമീപം കനാൽ അക്വാഡക്ടിന്റെ കോൺക്രീറ്റ് പൊട്ടി വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ അറ്റകുറ്റപ്പണി നടത്തി ചോർച്ചയടയ്ക്കാനും അധികൃതർ തയ്യാറായിട്ടില്ല. പള്ളിവിള ജംഗ്ഷന് തെക്കുഭാഗത്ത് മൂന്നുവർഷം മുൻപുണ്ടായ ചോർച്ചയെത്തുടർന്ന് നടത്തിയ അറ്റകുറ്റപ്പണിക്കിടെ മാൻഹോളുകൾ കോൺക്രീറ്റുചെയ്ത് അശാസ്ത്രീയമായി അടച്ചത് പ്രദേശവാസികളുടെ പരാതിക്കിടയാക്കിയിരുന്നു. കനാലുകളുടെ ഉൾഭാഗവും വശങ്ങളും കോൺക്രീറ്റ് ചെയ്തതിനെത്തുടർന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്കും കുളങ്ങളിലേക്കുമുള്ള നീരുറവ തടസ്സപ്പെട്ടു. കനാലുകളിൽനിന്നുള്ള നീരുറവ തടസ്സപ്പെട്ടത് വേനൽക്കാലത്ത് മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനിടയാക്കിയിരുന്നു. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് കോൺക്രീറ്റിളക്കി വീണ്ടും മാൻഹോളുകൾ ഉണ്ടാക്കി നീരുറവ പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചില്ല.