പത്തനംതിട്ട : കനറാ ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പത്തനംതിട്ട ശാഖയില്‍ വന്‍ തട്ടിപ്പ് നടന്ന വിവരം പുറത്തുവന്നത് . ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. ഇത് സംബന്ധിച്ച് പത്തനംതിട്ട മീഡിയ ആദ്യം വാര്‍ത്ത നല്‍കിയിരുന്നു.
പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപയുടെ തിരിമറി നടന്നെന്നായിരുന്നു ബാങ്ക് അധികൃതര്‍ ആദ്യം പരാതി നല്‍കിയിരുന്നത്. എന്നാല്‍ കോടികളുടെ വെട്ടിപ്പ് നടന്നെന്ന് തുടര്‍ന്ന് നടന്ന പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് വഴിയായിരുന്നു വിജീഷ് ആദ്യം തിരിമറി നടത്തിയത്. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജരെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്കി.14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. ക്രമക്കേട് കണ്ടെത്തിയതോടെ ഒളിവില്‍പോയ ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തല്‍. അതേസമയം ഇത്രയും വലിയ ക്രമക്കേടുകള്‍ തടയാന് കഴിയാത്തതില്‍ ബാങ്ക് മാനേജര്‍ അടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.