ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷെരീഫാണ് ഇളയ സഹോദരനായ ഷെഹ്ബാസ് ഷെരീഫിനെ നാമനിര്‍ദ്ദേശം ചെയ്തത്. മകള്‍ മറിയം നവാസിനെ (50) പഞ്ചാബ് പ്രവശ്യയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായും പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് വക്താവ് മറിയം ഔറംഗസേബ് എക്സില്‍ കുറിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പിഎംഎല്‍നെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നവാസ് ഷെരീഫ് നന്ദി പറഞ്ഞു, ഇത്തരം തീരുമാനങ്ങളിലൂടെ പാകിസ്ഥാന്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നയായി അദ്ദേഹം പറഞ്ഞു.
പുതിയ ഗവണ്‍മെന്റിന്റെ ഭാഗമാകാതെ തന്റെ പാര്‍ട്ടി മുന്‍ പ്രധാനമന്ത്രി നവാസിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണിത്. “പാകിസ്ഥാന്‍ പ്രധാനമന്ത്രി ആകുന്നതിനായി ഞാന്‍ മത്സരിക്കുന്നില്ല. രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പിക്കുന്നതിനായി നവാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പിന്തുണയ്ക്കും. രാജ്യത്ത് രാഷ്ട്രീയ അരാജകത്വം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. രാജ്യത്ത് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രതിസന്ധികള്‍ക്ക് അറുതി വരുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത് “. എന്നിങ്ങനെ ബിലാവല്‍ ഭൂട്ടോ പത്രസമ്മേളനത്തില്‍ പറഞ്ഞു.