തിരുവനന്തപുരം : ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വന്ന കേസില്‍ പാണക്കാട് തങ്ങള്‍ നാളെ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാകില്ല. ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് തങ്ങള്‍ ഇഡി ഉദ്യോഗസ്ഥനെ അറിയിച്ചു. ചന്ദ്രിക ഫൈനാന്‍സ് ഡയറക്ടര്‍ പി.എ അബ്ദുല്‍ സമീര്‍ ആയിരിക്കും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുക.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തി മൊഴിയെടുക്കാവുന്ന സ്ഥിതിയിലുമല്ല. ചന്ദ്രിക ഫൈനാന്‍സ് ഡയറക്ടര്‍ പി.എ അബ്ദുല്‍ സമീറിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ചന്ദ്രികയുടെ അക്കൗണ്ടില്‍ പത്തുകോടി രൂപ നിക്ഷേപിച്ചതും പിന്‍വലിച്ചതും തന്റെ അറിവോടെയല്ലെന്നും, സാമ്പത്തിക ഇടപാടുകള്‍ താന്‍ അറിയാതെയാണ് നടക്കുന്നതെന്നുമാണ് ഇഡി യോട് നേരത്തെ തങ്ങള്‍ അറിയിച്ചത്.
അതേസമയം, സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാകുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളുമായി കെ.ടി ജലീല്‍ ഇന്നും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെയല്ല കുഞ്ഞാലിക്കുട്ടിയെയാണ് ഇഡി ചോദ്യം ചെയ്യേണ്ടത് എന്നായിരുന്നു കെ.ടി ജലീലിന്റെ വിമര്‍ശനം.