പാലക്കാട്: ഐശ്വര്യം വരാന്‍ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. മന്ത്രവാദിയുടെ വാക്ക് കേട്ടായിരുന്നത്രേ രാധാകൃഷ്ണന്‍ കഞ്ചാവ് ചെടി വളര്‍ത്തിയത്. മൂന്ന് തമിഴ് സിനിമകളില്‍ പിന്നണി പാടിയ ഗായകനാണ് രാധാകൃഷ്ണന്‍. നന്നായി കവിത എഴുതുകയും ചൊല്ലുകയും ചെയ്യും. എന്നാല്‍ അടുത്തിടെ വ്യക്തി ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടു.
ജീവിതം ‘മെച്ചപ്പെടുത്താന്‍’ രാധാകൃഷ്ണന്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രവാദിനിയെ സമീപിക്കുകയായിരുന്നു. സര്‍വ്വൈശ്വര്യത്തിന് മന്ത്രവാദിനി ഉപദേശിച്ചതാകട്ടെ കഞ്ചാവ് ചെടി വളര്‍ത്താനും. നിര്‍ദ്ദേശം അതേപടി അനുസരിച്ച രാധാകൃഷ്ണന്‍ വീട്ട് വളപ്പില്‍ തന്നെ ചെടികള്‍ നട്ട് വളര്‍ത്തി. വീട്ടില്‍ അടുക്കളയുടെ ഭാഗത്തായി 17 ഓളം ഗ്രാബാഗിലായിട്ടായിരുന്നു കഞ്ചാവ് തൈകള്‍ നട്ട് പിടിപ്പിച്ചത്. ‘ ഐശ്വര്യം’ ഒട്ടും കുറയാതിരിക്കാനായി ചെടി നന്നായി പരിപാലിക്കുകയും ചെയ്തു. എന്നാല്‍ ചെടി വളര്‍ന്ന് പാകമാകാറായപ്പോള്‍ നാട്ടുകാരില്‍ ആരോ ആണ് എക്സൈസിന് വിവരം ചോര്‍ത്തി നല്‍കിയത്. ഇതനുസരിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നൂറ്റി മുപ്പത്തി നാല് സെന്റീമീറ്റര്‍ വരെ ചെടിക്ക് ഉയരം ഉണ്ടെന്ന് എക്സൈസ് പറയുന്നു. മൂന്ന് മാസം പ്രായമുള്ള ചെടികള്‍ പൂക്കാന്‍ പാകമായിരുന്നുവെന്നും എക്സൈസ് സംഘം വ്യക്തമാക്കി.