പത്തനംതിട്ട : വീട്ടുവളപ്പിൽ വളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി. ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) സംഘവും കോയിപ്രം പോലീസും ചേർന്ന് കോയിപ്രം പുറമറ്റം മുണ്ടുമല ഐപിസി ചർച്ചിന്റെ പിറകിലുള്ള കളത്തിന്റെ വടക്കേതിൽ സുകുമാരന്റെ വീടിന് കിഴക്കുവശം പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളുടെ മകൻ സുനിലി(22)നെതിരെ കോയിപ്രം പോലീസ് കേസെടുത്തു. ഇയാൾ
ഒളിവിലാണ്.
സുനിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തുന്നതായുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെതുടർന്നാണ് പോലീസ് നടപടി. ജില്ലയിൽ അപൂർവമായാണ് കഞ്ചാവ് ചെടി വളർത്തുന്ന നിലയിൽ പോലീസ് കണ്ടെത്തുന്നത്.
കഞ്ചാവ് ചെടി വച്ചുപിടിപ്പിച്ച് പരിപാലിച്ചു വളർത്തിവരികയായിരുന്നു പ്രതി. ഇന്നലെ (09.06.2022) വൈകീട്ട് 7 മണികഴിഞ്ഞാണ് ഡാൻസാഫ് സംഘം കോയിപ്രം എസ് അനൂപിന്റെ നേതൃത്വത്തിലുള്ള സംഘവും വീട്ടുടമസ്ഥനായ സുകുമാരനുമായി എത്തി പറമ്പിൽ ചെടി കണ്ടെത്തിയത്. കോയിപ്രം എസ് ഐക്കൊപ്പം എസ് ഐ മോഹനൻ, എ എസ് ഐ വിനോദ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ അജി ശാമൂവൽ , എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതിയായ സുനിൽ ഉയോഗത്തിനും വില്പനയ്ക്കും വേണ്ടിയാണ് ചെടി വളർത്തിയതെന്ന് ബോധ്യമായിട്ടുണ്ടെന്നും ഇയാൾ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ഇത്തരം സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ
ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി തുടരുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു. പ്രതിയെ
പിടികൂടുന്നതിന് എസ് ഐ അനൂപിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.