കൊല്ലം : ചന്ദനത്തിരി കച്ചവടത്തിന്റെ മറവില്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി എഴുകോണ്‍ സ്വദേശി അറസ്റ്റില്‍. എഴുകോണ്‍ കൊട്ടേകുന്നം മേരി ഭവനില്‍ സ്റ്റീഫന്‍ ഫെര്‍ണാണ്ടസിനെ (41 )യാണ് കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവുകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി എക്സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ വലയിലാകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യലില്‍ തമിഴ്നാട്ടില്‍നിന്ന് ചന്ദനത്തിരി, പുല്‍ത്തൈലം എന്നിവ കൊണ്ടുവന്നു കച്ചവടം നടത്തുന്നെന്നാണ് പറഞ്ഞത്. ബാഗിന്റെ മുകള്‍ഭാഗത്ത് ചന്ദനത്തിരിക്കവര്‍ അടുക്കിവെച്ച് അടിയില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് ഒളിച്ചുവെച്ചിരിക്കുകയായിരുന്നു.
മുമ്പ് ഒന്നരക്കിലോ കഞ്ചാവ് കടത്തിയ കേസില്‍ കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ തന്നെ പിടിയിലായി റിമാന്‍ഡിലായിരുന്നു. രണ്ടു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തെങ്കാശിയില്‍ പോയി 60,000 രൂപയ്ക്ക് രണ്ടു കിലോ കഞ്ചാവ് വാങ്ങി പച്ചക്കറി വണ്ടിയില്‍ കയറിയാണ് കുണ്ടറയില്‍ എത്തിയത്. ആഴ്ചയില്‍ നാലുദിവസം തെങ്കാശിയില്‍നിന്ന് കഞ്ചാവ് കൊണ്ടുവരും. ട്രെയിന്‍ ഇല്ലാത്തതിനാല്‍ ലോറികളിലും പച്ചക്കറി വണ്ടികളിലും ലിഫ്റ്റ് ചോദിച്ചാണ് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നത്. പരിശോധന മറികടക്കാനും ലിഫ്റ്റ് ചോദിച്ചു വണ്ടിയില്‍ കയറുമ്പോള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവിന്റെ മണം അടിക്കാതിരിക്കാനാണ് ചന്ദനത്തിരി അടുക്കുന്നത്.
മുമ്പ് ഭാര്യയുമായി ചേര്‍ന്ന് എക്സിക്യൂട്ടിവ് സ്റ്റൈലില്‍ വസ്ത്രധാരണം നടത്തി കഞ്ചാവ് വില്‍ക്കുന്നതായിരുന്നു സ്റ്റീഫന്റെ രീതി. ഒന്നര വര്‍ഷം മുമ്പ് സ്റ്റീഫന്‍ ജയിലില്‍ ആയപ്പോള്‍ ഒറ്റയ്ക്ക് കഞ്ചാവ് കച്ചവടം ആരംഭിച്ച ഭാര്യയും റിമാന്‍ഡിലാണ്. ഭാര്യയെ ജാമ്യത്തില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് സ്റ്റീഫന്‍ വീണ്ടും പിടിയിലാകുന്നത്.
റെസിഡന്‍സ് എരിയയില്‍ വീട് വാടകയ്ക്ക് എടുത്ത് വന്‍ ബിസിനസുകാരാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു കഞ്ചാവ് കച്ചവടം. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി രാജീവ്, പ്രിവന്റീവ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നഹാസ് ക്രിസ്റ്റി, ഗോപകുമാര്‍, ശരത്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.