പാലക്കാട് : വടക്കഞ്ചേരിയില്‍ ചെടി വില്‍പ്പനയുടെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ സുനു ആന്റണി, നിഖില്‍ എന്നിവരെയാണ് സ്‌റ്റേറ്റ് എക്സൈസ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ലോറിയുടെ രഹസ്യ അറയില്‍ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.
ആന്ധ്രയില്‍ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ലോറിയില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധയിടങ്ങളില്‍ നേരിട്ട് എത്തിച്ച് നല്‍കുകയാണ് പതിവെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. എക്സൈസ് സ്റ്റേറ്റ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാഴ്‌ച വാഹനത്തിന്റെ നീക്കം പിന്തുടര്‍ന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവ് കടത്ത് സംഘം സ്‌റ്റേറ്റ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയില്‍പ്പെട്ടത്.
പുറമെ നിന്ന് നോക്കിയാല്‍ വില്‍പ്പനയ്ക്കുള്ള ചെടിയുമായി പോകുന്ന ലോറിയായേ തോന്നുകയുളളൂ. യാതൊരു സംശയത്തിനും ഇടയില്ലാതെയായിരുന്നു കടത്ത്. മാവും പ്ലാവും ചാമ്പയും തുടങ്ങി വിവിധ ചെടികളുടെ തൈകള്‍ ലോറിയുടെ മുകളിലായുണ്ട്. ഇതിനു താഴെയുള്ള രഹസ്യ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.