കൊല്‍ക്കത്ത: വിവാഹിതനെന്ന് പറഞ്ഞശേഷമുള്ള ലിവ് ഇന്‍ റിലേഷന്‍ വിശ്വാസവഞ്ചനയായി കാണാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും കൃത്യമായി പങ്കാളിയോട് പറഞ്ഞതിന് ശേഷമുള്ള ലിവ് ഇന്‍ റിലേഷന്‍ വിശ്വാസവഞ്ചനയായി കാണാന്‍ സാധിക്കില്ല. 11 മാസത്തെ ലിവ് ഇന്‍ റിലേഷനില്‍നിന്നും പിന്മാറി, ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാന്‍ പോയ ഹോട്ടല്‍ എക്‌സിക്യൂട്ടീവ് 10 ലക്ഷം രൂപ പിഴ നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ കേസില്‍ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി വിവാഹം കഴിക്കാമെന്നു പ്രതി വാഗ്ദാനം നല്‍കിയെന്ന വാദം തെറ്റാണ്. പങ്കാളി വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മറച്ചുവച്ചാല്‍ ലിവ് ഇന്‍ റിലേഷനുകളില്‍ അനിശ്ചിത്വത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. പ്രതി വസ്തുതകള്‍ മറച്ചുവച്ചതായി തെളിയിക്കാത്ത സാഹചര്യത്തില്‍ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിക്കാരിയുടെ വാദം തെറ്റാണെന്നും കോടതി വ്യക്തമാക്കി.