തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് വീടുകളില്‍ 7375പേരും ആശുപത്രികളില്‍ 302പേരും നിരീക്ഷണത്തിലുണ്ട്. കോട്ടയത്ത് കോവിഡ് സ്ഥിതീകരിച്ച ഒരു രോഗിയുടേത് ഭേദമായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കര്‍ശന പരിശോധനയുണ്ടാകും. റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളില്‍ റോഡ്മാര്‍ഗം വരുന്നവരേയും പരിശോധനക്ക് വിധേയമാക്കും. എല്ലാവരും പരിശോധനയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശുചീകരിക്കാനായി പ്രത്യേക നിര്‍ദേശം നല്‍കും.
നിരീക്ഷണത്തിലുള്ളവരുമായി എല്ലാദിവസവും ബന്ധപ്പെടും. ചിലര്‍ കൊറോണയുടെ ഗൗരവം മനസ്സിലാക്കാതെ പെരുമാറുന്നു. അനാവശ്യമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്പ് രണ്ട് ലക്ഷം പേര്‍ ഡൗണ്‍ലോഡ്ചെയ്തു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.