കൊച്ചി : നിയമവിരുദ്ധമായി നിര്‍മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു പാണാവള്ളി നെടിയതുരുത്തിലുള്ള കായല്‍ കൈയ്യേറി നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശനിയമം പാലിക്കാതെയും കായല്‍ കൈയ്യേറിയും നിര്‍മിച്ച റിസോര്‍ട്ട് കെട്ടിടങ്ങള്‍ പൊളിച്ച് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധി ശരിവെച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്.
ആളുകള്‍ താമസിച്ചിരുന്ന മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ അധികം കാലതാസമുണ്ടായില്ല. എന്നാല്‍, 2020 ജനുവരിയില്‍ ഉത്തരവിറങ്ങിയിട്ടും കാപികോ റിസോര്‍ട്ടിനെതിരെ നടപടിയെടുക്കാൻ സര്‍ക്കാരിനായിട്ടില്ല. 17.34 ഏക്കറിലായി 35,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് റിസോര്‍ട്ട്. 54 വില്ലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കെട്ടിടം പൊളിച്ചുമാറ്റാന്‍ സാമ്പത്തികശേഷിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ആരോപിക്കുകയുണ്ടായി.