പത്തനംതിട്ട : മകര വിളക്ക് ഉത്സവത്തിന് ശബരിമല ക്ഷേത്ര നട 30 ന് തുറക്കാനിരിക്കെ സൗകര്യങ്ങൾ വിപുലമാക്കി ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും. മണ്ഡലകാലത്ത് സന്നിധാനത്തും പരിസരങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുകയെന്ന ശ്രമകരമായ ജോലിയിലാണ് അഗ്നിരക്ഷാ വകുപ്പ്. അറ്റകുറ്റ പണികൾ പൂർത്തിയാക്കി കെഎസ്ഇബിയും മരാമത്തും സന്നിധാനത്തുണ്ട്.
അടുത്ത 21 ദിവസത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് കെഎസ്ഇബി. പമ്പ മുതൽ സന്നിധാനം വരെയുള്ള എല്ലാ ട്രാൻസ്ഫോർമറുകളും ലൈനുകളും പൂർണമായി പരിശോധിച്ച് അറ്റകുറ്റ പണികൾ നടത്തി ഇടതടവില്ലാതെ വൈദ്യുതി നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാല പൂജകൾ കഴിഞ്ഞ് നട അടച്ചതോടുകൂടി ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച് വൃത്തിയാക്കി. മരാമത്ത് വകുപ്പും കേരള അഗ്നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
മണ്ഡലപൂജകൾ കഴിഞ്ഞ് നടയടച്ചതിനുശേഷം സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സന്നിധാനവും പതിനെട്ടാം പടിയും പരിസരവും വെള്ളം ഉപയോഗിച്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ വൃത്തിയാക്കി. 1500 ൽ പരം ജീവനക്കാരാണ് പമ്പ മുതൽ സന്നിധാനം വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ചാണ് ട്രാക്ടറിൽ നീക്കം ചെയ്തത്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലായുവജനകേന്ദ്രം പത്തനംതിട്ട, ടീം കേരള എന്നിവയുടെ നേതൃത്വത്തില്‍ നിലക്കലില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെഎസ് ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു, ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ബി ബീന, ടീം കേരള ക്യാപ്റ്റന്‍ രഞ്ജിത്ത് എസ് വേണു, നിലക്കല്‍ എഇ അനന്തു സുഗതന്‍, ടീം കേരള അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.