യാത്രകളില്‍ നമ്മുടെ കൂട്ടാളിയാണ് കാറുകള്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചെത്തുന്ന പുതിയ കാറുകൾ കാണുമ്പോൾ നമ്മുടെ വാഹനത്തിലും ഈ ഫീച്ചറുകളുണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കാറുണ്ട്. എന്നാൽ കാറ് പഴഞ്ചനെങ്കിലും ചില്ലറ പൊടിക്കൈകളും ഉപകരണങ്ങളുമൊക്കെ കൊണ്ട് ആധുനികമാക്കി മാറ്റാനാവും. ഇത് നിങ്ങളുടെ യാത്രകളുടെ ആസ്വാദനത്തെ തന്നെ മാറ്റും. അങ്ങനെ നിങ്ങളുടെ കാറുകളിലെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന അഞ്ചു കാര്‍ ആക്സസറികളെ പരിചയപ്പെട്ടാലോ.
പഴയ കാറുകളെ പുത്തനാക്കാന്‍ എറ്റവും കൂടുതല്‍ സഹായിക്കുന്ന കാര്‍ ഉപകരണമാണ് സ്മാര്‍ട്ട് ഇന്‍ഫോടെയിന്‍മെന്റ്. ഗൂഗിള്‍ മാപ്‌സ്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡയല്‍ പാഡ്, 4ജി കണക്ടിവിറ്റി എന്നിങ്ങനെ പല സൗകര്യങ്ങളും ഈയൊരു സംവിധാനം വഴി ലഭിക്കും. 9 ഇഞ്ചിലേറെ സ്‌ക്രീന്‍ ഉള്ള ടച്ച് സ്‌ക്രീനും ഇക്കൂട്ടത്തില്‍ വരുന്നുണ്ട്. പുതിയ കാര്‍ മോഡലുകളുടെ ഫീച്ചറുകളുടെ കൂട്ടത്തിലായിരിക്കും നിങ്ങള്‍ ഒരു പക്ഷേ 360 ഡിഗ്രി ക്യാമറ എന്നു വായിച്ചിട്ടുണ്ടാവുക. ഇതേ സൗകര്യം നമുക്കും വേണമെങ്കില്‍ സ്വന്തം കാറിലും വെക്കാനാവും. ഇത് മൊത്തത്തിലുള്ള ഡ്രൈവറുടെ കാഴ്ച്ചയെ മെച്ചപ്പെടുത്തുകയും ചെറിയ സ്ഥലത്തു പാര്‍ക്കു ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. ഓഫ് റോഡിലൂടെയും പരിചയമില്ലാത്ത വഴികളിലൂടെയും പോവുമ്പോഴും ഇടുങ്ങിയ വഴികളിലൂടെ പോവുമ്പോഴും ഇത് ഉപകാരപ്പെടും.
ഡ്രൈവറിന് കൂടുതല്‍ എളുപ്പത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ഹെഡ് അപ്പ് ഡിസ്‌പ്ലേ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കും. ഹെഡ് അപ് ഡിസ്‌പ്ലേ ഒന്നു കൊണ്ടു മാത്രം കാര്‍ ആധുനികമായെന്നു തോന്നണമെന്നില്ല. എങ്കിലും ഡ്രൈവര്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഇത് സഹായിക്കും. ആധുനിക കാറുകളിലുള്ള ഫീച്ചറാണ് ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം. ഇതു വഴി വാഹനം ഓടുമ്പോള്‍ പോലും ടയര്‍ പ്രഷര്‍ അറിയാനാവും. ഏതു പഴയകാറിലും ഘടിപ്പിക്കാവുന്ന സൗകര്യമാണിത്. കാറിനെ ഒറ്റയടിക്ക് ആധുനികമാക്കുന്നതിനൊപ്പം സുരക്ഷ വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. പ്രീമിയം കാറുകളില്‍ മാത്രം സാധാരണയായി കണ്ടു വരുന്ന ഫീച്ചറാണ് വെന്റിലേറ്റഡ് സീറ്റുകളും സീറ്റിലെ മസാജിങ്ങും. ഇതും നിങ്ങളുടെ സ്വന്തം കാറിലും ഘടിപ്പിക്കാനാവും. സീറ്റ് കവറിനൊപ്പമാണ് ഈ സൗകര്യം ചേര്‍ക്കാനാവുക. കാറിലെ 12 വോള്‍ട്ട് സോക്കറ്റിലേക്ക് പ്ലഗ് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുക. വേനല്‍കാലത്തും ദീര്‍ഘദൂരയാത്രകളിലും ഇത്തരം സൗകര്യങ്ങള്‍ ഏറെ ഗുണം ചെയ്യും.