തിരുവനന്തപുരം : കിളിമാനൂര്‍ തട്ടത്തുമല പാറക്കടവില്‍ കാറിടിച്ച് വൃദ്ധന്‍ മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസില്‍ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമണ്‍തൊടി എഎന്‍.എസ് മന്‍സിലില്‍ യഹിയ (75) ആണ് മരിച്ചത്. സംഭവത്തില്‍ യഹിയയുടെ മരുമകന്‍ അബ്ദുള്‍ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുള്‍ സലാമിന്റെ മകന്‍ അഫ്‌സലിനും (14) ഗുരുതരമായി പരിക്കേറ്റിരുന്നു. അറസ്റ്റിലായ അബ്ദുള്‍ സലാമിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.യഹിയയും മരുമകന്‍ അബ്ദുള്‍ സലാമും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കവും കേസും നിലനില്‍ക്കുന്നുണ്ട്. കേസില്‍ കോടതി നടപടികളുടെ ഭാഗമായി അബ്ദുള്‍ സലാമിന്റെ സഹോദരിയുടെ വീട് കോടതി ജീവനക്കാര്‍ക്ക് കാണിച്ചു കൊടുക്കാന്‍ എത്തിയതായിരുന്നു യഹിയ. ചെറുമകന്‍ അഫ്‌സലും ഒപ്പമുണ്ടായിരുന്നു. സ്ഥലവും വീടും കോടതി ജീവനക്കാര്‍ക്ക് ഇവര്‍ കാണിച്ചു കൊടുക്കുന്നതിനിടെ ഈവിവരം അറിയാനിടയായ അബ്ദുള്‍ സലാം കാറില്‍ ഇവിടേക്ക് എത്തി. അയല്‍ക്കാരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന യഹിയയെയും അഫ്സലിനെയും പിന്നിലൂടെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കാന്‍ വീട്ടില്‍ കയറിയപ്പോഴായിരുന്നു സംഭവം.
കാറിടിച്ച് ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരും കോടതി ജീവനക്കാരനും ചേര്‍ന്ന് ഉടന്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും യഹിയയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ അഫ്സല്‍ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ പോലീസ് സംഭവ സ്ഥലത്ത് നിന്ന് അബ്ദുള്‍ സലാമിനെ വാഹനം സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള സ്വത്ത് തര്‍ക്കവും വൈരാഗ്യവും കാറിടിച്ച ഇടിച്ച രീതിയും കണക്കിലെടുത്ത് പോലീസ് അബ്ദുള്‍ സലാമിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കേസില്‍ സഹോദരിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടികളാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
യഹിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ സി.ഐയും സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിനുപയോഗിച്ച കാര്‍ ഫോറന്‍സിക് സംഘമെത്തി പരിശോധിച്ചു. രക്തക്കറയും മറ്റ് തെളിവുകളും കാറില്‍ നിന്ന് കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ കാര്‍ പരിശോധിച്ച് മനഃപൂര്‍വ്വം കാര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നതിനുള്ള തെളിവുകളും പോലീസ് ശേഖരിച്ചു.