റാന്നി: മന്ദമരുതിക്കു സമീപം കാറപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. റാന്നി പഴവങ്ങാടി വെട്ടിക്കൽ ബാബുവെന്നു വിളിക്കുന്ന സുരേഷിൻ്റെ മകൻ അമ്പാടി സുരേഷ് (24) ഞായറാഴ്ച രാത്രി കാറപകടത്തില്‍ മരണപ്പെട്ട സംഭവമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്.
കൊലപാതകം നടത്തിയ ശേഷം ഒളിവില്‍പോയ നാലു പേരെയും അപകടത്തിനിടയാക്കിയ കാറും പോലീസ് കസ്റ്റഡിയിലായി. മൂന്നു പേരെ എറണാകുളത്തു നിന്നും ഒരാളെ പെരുനാട്ടില്‍ നിന്നും കാര്‍ ചേത്തയ്ക്കല്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് ഹബീബ് മുഹമ്മദിന്‍റെ മകന്‍ അക്സം ആലിം (25), ചേത്തയ്ക്കല്‍ നടമംഗലത്ത് വേണുഗോപാലിന്‍റെ മകന്‍ അരവിന്ദ് (30), ചേത്തയ്ക്കല്‍ എം.വി വര്‍ഗീസിന്‍റെ മകന്‍ അജോ എം വര്‍ഗീസ് (30), ചേത്തയ്ക്കല്‍ നടമംഗലത്ത് എന്‍.ബി വിജയന്‍ നായരുടെ മകന്‍ ഹരിശ്രീ വിജയന്‍ (28) എന്നിവരാണ് പിടിയിലായത്. ഇതില്‍ കുട്ടുവെന്നു വിളിക്കുന്ന അരവിന്ദ് ഡ്രൈവർ ജോലി ചെയ്യുന്ന ആളാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയുമാണ്. ഷാര്‍ജയില്‍ ജോലിക്കാരനായിരുന്ന
അജോ എം വർഗീസ് നാലു ദിവസം മുമ്പാണ് വീട്ടിൽ എത്തിയത്. അരവിന്ദിന്‍റെ ബന്ധുവാണ് ഹരിശ്രീ വിജയൻ.
സംഭവത്തെ പറ്റി പോലീസ് പറയുന്നത്.
റാന്നി ബിവറേജസ് ഔട്ലെറ്റിന് മുൻപിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് സംഘങ്ങൾ തമ്മിൽ കാർ പാർക്കിംഗിനെപ്പറ്റിയുള്ള വാക്കുതർക്കവും തുടർന്നു സംഘർഷവുമുണ്ടായി. ഇതിന്‍റെ ബാക്കിയായി രാത്രിയോടെ വീണ്ടും ഇട്ടിയപ്പാറയിലെ ഹോട്ടലിന് സമീപത്തു വെച്ചും മന്ദമരുതി ജംങ്ഷനില്‍ വെച്ചും വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് മടങ്ങിയ സംഘം ഭീഷണി മുഴക്കിയ ശേഷമാണ് പിരിഞ്ഞുപോയത്. പിന്നീട് ഇതില്‍ ഒരാളുടെ വീട്ടിലെത്തി വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് മക്കപ്പുഴയ്ക്കു സമീപം ഇരു സംഘങ്ങളും വീണ്ടും ഏറ്റുമുട്ടി. ബിവറേജസിന് മുമ്പിൽ നടന്ന തർക്കമാണ് എല്ലാറ്റിനും തുടക്കമിട്ടത്. എന്നാൽ ആ സംഘർഷം നടക്കുമ്പോൾ അമ്പാടി സ്ഥലത്ത് ഉണ്ടായിരുന്നുമില്ല. അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിർ സംഘാംഗം അജോയും തമ്മിലാണ് വാക്കുതർക്കം ആദ്യം ഉണ്ടായത്. തുടർന്ന് മിഥുൻ്റെ വീട്ടിൽ അജോയ് അന്വേഷിച്ച് ചെന്നിരുന്നു. ധൈര്യമുണ്ടെങ്കിൽ പുറത്ത് വരാൻ അജോയ് ഫോണിൽ മിഥുനെ വെല്ലുവിളിച്ചു. എന്നാൽ മക്കപ്പുഴയിലേക്ക് വരാനായിരുന്നു മിഥുന്റെ മറുപടി. തുടർന്നാണ് മക്കപ്പുഴയിൽ വെച്ച് ഇരു സംഘങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതും അമ്പാടി കൊല്ലപ്പെട്ടതും. തർക്ക സ്ഥലത്തേക്ക് കാറില്‍ എത്തിയ അമ്പാടിയെ ഇറങ്ങുന്നതിനിടെ കാറിടിച്ചു വീഴ്ത്തുകയും ശേഷം ശരീരത്തിന് മുകളിലൂടെ എതിർ സംഘം കാറോടിച്ച് കയറ്റുകയായിരുന്നു. അമ്പാടിക്ക് അപകടം സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ റാന്നി മാർത്തോമ്മാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോളാണ് ബിവറേജസിന് മുൻപിലെ തർക്കത്തെക്കുറിച്ച് വിവരം ലഭിച്ചത്. റാന്നി ചേത്തയ്ക്കലിൽ നിന്നും ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പിക്കപ്പ് വാനില്‍ കൈതചക്കയുടേയും പഴങ്ങളുടേയും കച്ചവടം നടത്തുന്ന അമ്പാടിയും ഭാര്യ ഹണിയും ഒന്നരവയസുള്ള മകന്‍ സുദേവുമായി റാന്നി ഇട്ടിയപ്പാറക്കു സമീപം താമറത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ജംങ്ഷന് സമീപം എരുമേലി ഭാഗത്തേക്കു പോകുന്ന റോഡില്‍ രാത്രി 7.45 ഓടെയാണ് ആദ്യ നോട്ടത്തില്‍ അപകടം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കൊടും ക്രൂരത അരങ്ങേറിയത്. റോഡിൻ്റെ വശത്ത് നിന്നും ഒരു കാറിൽ എത്തിയ അമ്പാടി ഇറങ്ങി വരുമ്പോൾ എതിരെ വന്ന സംഘങ്ങൾ സഞ്ചരിച്ചിരുന്ന സ്വിഫ്ട് കാർ അമിതവേഗതയിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കിയതായും പറയുന്നുണ്ട്. പരുക്കേറ്റ അമ്പാടിയെ ഉടൻ തന്നെ റാന്നിയിലെ ആശുപത്രിയിലും തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പാടിയെ ആശുപത്രിയിലെത്തിച്ച സഹോദരങ്ങൾ അപകടമെന്ന് പറഞ്ഞതിനാൽ ആദ്യം ഇതൊരു സാധാരണ അപകട മരണമായിട്ടാണ് കരുതിയിരുന്നത്. പിന്നീട് അമ്പാടിക്ക് ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾ നേരത്തെ നടന്ന വാക്കേറ്റത്തിന്റെ കഥ പറഞ്ഞതോടെയാണ് പോലീസ് അന്വേഷണം കൂടുതൽ ശക്തമാക്കിയതും ഇതൊരു കൊലപാതകമാണെന്ന് മനസിലാക്കിയതും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.