ന്യൂഡല്‍ഹി: വിമാനത്തിന്റെ നോസ് വീലിന് (മുന്‍വശത്തെ ചക്രം) സമീപം കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് പട്‌നയിലേക്ക് യാത്രതിരിക്കാനിരുന്ന ഇന്‍ഡിഗോ വിമാനം റദ്ദാക്കി. പകരം മറ്റൊരു വിമാനം സര്‍വീസിനായി ഏര്‍പ്പെടുത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആണ് യാത്ര തടസ്സപ്പെടുത്തിയത്.നേരിയ വ്യത്യാസത്തിലാണ് വിമാനവുമായുള്ള കൂട്ടിയിടിയില്‍ നിന്ന് കാര്‍ ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തും. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചെങ്കിലും ബ്രെത്ത് അനസൈസര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. യാത്ര തടസ്സപ്പെട്ടതൊഴിച്ചാല്‍ വിമാനത്തിന് തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും പകരമേര്‍പ്പെടുത്തിയ വിമാനം നിശ്ചിതസമയത്ത് പട്‌നയിലേക്ക് യാത്ര തിരിച്ചെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു.
പറന്നുയരുന്നതിന് മുമ്പ് റണ്‍വേയില്‍ തെന്നി മാറിയതിനെ തുടര്‍ന്ന് ജൂലായ് 28 ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനം റദ്ദാക്കേണ്ടിവന്നിരുന്നു. അസമിലെ ജോര്‍ഹത് വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനയാത്രക്കാരന്‍ തന്റെ കയ്യില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ജൂലായ് 21 ന് മറ്റൊരു ഇന്‍ഡിഗോ വിമാനം റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 150 ഓളം വിമാനസര്‍വീസുകള്‍ മുടങ്ങിയതായി കേന്ദ്ര വ്യോമമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.