റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം വാളിപ്ലാക്കൽ പടിക്ക് സമീപം പൊട്ടങ്കൽ പടിയിൽ കാറും ലോറിയും കൂട്ടിയിച്ച് അപകടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവര്‍ പത്തനംതിട്ട അഴൂര്‍ സ്വദേശി അഭിജിത്ത്(30)നെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 5.30ന് പത്തനംതിട്ട ഭാഗത്തു നിന്ന് വന്ന ലോറിയിൽ റാന്നി ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും ലോറിയുടെ മുൻഭാഗവും തകരാറിലായിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നും പാലുമായി വന്ന ലോറിയിലേക്ക് അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് സംഭവം കണ്ടയാത്രക്കാർ പറഞ്ഞു. കാര്‍ ലോറിയിലിടിക്കാതിരിക്കാന്‍ വലതു വശത്തേക്ക് വെട്ടിച്ച് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കാര്‍ വട്ടം തിരിഞ്ഞ് വന്ന ദിശയിലേക്ക് തിരിഞ്ഞാണ് നിന്നത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിനു ശേഷം ഉതിമൂട് മുതൽ മന്ദമരുതി വരെയുള്ള ഭാഗങ്ങളിൽ അപകടം നിത്യസംഭവമാണ്. ഓരോ അപകടം ഉണ്ടാകുമ്പോഴും സംസ്ഥാന പാതയിലെ അപകടം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടാലും പരിഹാരം ഇല്ലെന്നാണ് ആക്ഷേപം.