മലപ്പുറം: മലപ്പുറത്ത് മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂര്‍ – ചമ്രവട്ടം റോഡില്‍ ആലിങ്ങലിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എന്‍ജിന്‍ ഭാഗത്തുനിന്ന് ആദ്യം പുക ഉയര്‍ന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉടനെ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. തലപ്പാറ വെളിമുക്ക് പാലത്തുപടി വീട്ടില്‍ സന്ധ്യയുടെ ഉടമസ്ഥതയിലുള്ള 2019 മോഡല്‍ കാറാണ് കത്തിനശിച്ചത്.
തിരൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തെ തുടര്‍ന്ന് ചമ്രവട്ടം റോഡില്‍ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ അശോകന്‍, സേനാംഗങ്ങളായ സി മനോജ്, പി പി അബ്ദുല്‍ മനാഫ്, കെ പ്രവീണ്‍, സുജിത്ത് സുരേന്ദ്രന്‍, കെ ടി നൗഫല്‍, കെ കെ സന്ദീപ്, വി ഗിരീഷ്‌കുമാര്‍ എന്നിവര്‍ തീയണയ്ക്കാന്‍ നേതൃത്വം നല്‍കി.