ഇടുക്കി : കാര്‍ബണ്‍ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പി ക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സൗര സോളാര്‍ പദ്ധതി ഡവലപ്പര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം പവര്‍ ഹൗസിന്റെ പദ്ധതി രേഖാസമര്‍പ്പണവും ചടങ്ങില്‍ നടന്നു. ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം നൂറുദിന ദിവസത്തിനുള്ളില്‍ 34.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. സൗരോര്‍ജ്ജത്തിന്റെ ഉപയോഗം വ്യാപകമാക്കണമെന്നും അങ്ങനെ ചെയ്താല്‍ വൈദ്യുതിയോടൊപ്പം സോളാര്‍ കുക്കര്‍ ഉപയോഗിക്കുന്നതുവഴി കുടുംബ ബജറ്റില്‍ വളരെ വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി അശോക് അദ്ധ്യക്ഷനായിരുന്നു.
പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കെ.എസ്.ഇ.ബി, അനെര്‍ട്ട്, ഡെവലപ്പര്‍മാര്‍ എന്നിവര്‍ ടീമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കെ.എസ്.ഇ.ബി ഇന്‍ഡിപെന്റഡ് ഡയറക്ടര്‍ മുരുകദാസ്, കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായ ആര്‍.സുകു തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറു ദിവസംകൊണ്ട് നൂറുമെഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുക ലക്ഷ്യമാക്കിയാണ് സൗര പദ്ധതി നടപ്പാക്കുന്നത്. ഇടുക്കിയില്‍ നിലവിലുള്ള 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് പുറമെ 800 മെഗാവാട്ട് കൂടി ഉത്പാദനം ലഭ്യമാക്കാനാണ് രണ്ടാംഘട്ട പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനുള്ള പദ്ധതിരേഖ മന്ത്രി ഏറ്റു വാങ്ങി. സര്‍ക്കാറിന്റെ പരിഗണയ്ക്കായി സമര്‍പ്പിക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.