ഇടുക്കി: മൂന്നാർ നെയ്മക്കാട് ഭാഗത്തെ ജനവാസ മേഖലയിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. വനത്തിനുള്ളിൽ സീനിയറോട ഭാഗത്തെ ജലാശയത്തിലാണ് രാവിലെ പതിനൊന്നരയോടെ കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി മഹസ്സർ തയ്യാറാക്കിയ ശേഷം ജഡം തേക്കടിയിലെ രാജീവ് ഗാന്ധി സെന്‍ററിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദേശീയ കടുവാ സംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരം രൂപീകരിക്കുന്ന പ്രത്യേക സമിതിയുടെ മേൽനോട്ടത്തിൽ പോസ്റ്റുമോര്‍ട്ടം ചെയ്യും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം കണ്ടെത്താൻ കഴിയുകയുള്ളു. തിമിരം ബാധിച്ചതിനാൽ കടുവയുടെ ഒരു കണ്ണിന് കാഴ്ച ശക്തി ഉണ്ടായിരുന്നില്ല. കടുവ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയെ കോളർ ഘടിപ്പിച്ചാണ് കാട്ടിലേക്ക് തുറന്നുവിട്ടത്.
വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി വനപാലകർ തിരച്ചിൽ തുടരുന്നു. രണ്ട് ദിവസമായി കടുവ ജനവാസ മേഖലയിലിറങ്ങിയിട്ടില്ല. കടുവ കൂട്ടിൽ കയറാൻ സാധ്യതയില്ലാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നത്. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവ ഭീതി നിലനിൽക്കുന്നതിനാൽ ബത്തേരി ഗൂഡല്ലൂർ റൂട്ടിൽ രാത്രി ഇരുചക്രവാഹനയാത്ര നിരോധിച്ചു. ചീരാലിലെ ഒന്‍പത് വളർത്തുമൃഗങ്ങളെയാണ് കടുവ ഇതുവരെ ആക്രമിച്ചത്.
ജനവാസകേന്ദ്രങ്ങളിലേക്ക് കടുവ അടക്കമുളള വന്യജീവികള്‍ ഇറങ്ങുന്നത് പ്രതിരോധിക്കാന്‍ കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികളിലെ കാട് അടിയന്തരമായി വെട്ടിതെളിക്കാന്‍ വയനാട് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ ഗീതയുടെ അധ്യക്ഷതയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകള്‍ക്ക് കത്ത് നല്‍കും. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.