തിരുവനന്തപുരം: വയോജനങ്ങളുടെ പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രായമാകുന്നവർ തനിച്ചായി പോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ആയിരത്തിയറുന്നൂറ് രൂപാ നിരക്കിൽ വാർദ്ധക്യ പെൻഷൻ ലഭ്യമാക്കിവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ പെൻഷനർഹതയുള്ള എല്ലാവർക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിവരുന്നു. ഇതാണ് മുതിർന്ന പൗരരോടുള്ള കേരള സർക്കാരിന്റെ കരുതൽ. മുതിർന്ന പൗരരുടെ വിവിധ തരം പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദം മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും നൽകുന്ന വയോഅമൃതം പദ്ധതി അതിൽ ഒന്നാണ്. അതുപോലെ മുതിർന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രശാന്തി ഹെല്പ് ലൈൻ. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ നിലവിലുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ഈ ഹെൽപ്പ്‌ലൈൻ മുഖേന ബന്ധപ്പെടാനാകും. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെക്കന്റ് ഇന്നിങ്‌സ് ഹോം എന്ന പേരിൽ ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഇത് സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പകൽ പരിപാലന കേന്ദ്രങ്ങൾ നവീകരിക്കുന്നതിനായി സ്വയംപ്രഭാ ഹോം പദ്ധതി ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ.