പത്തനംതിട്ട : പാർലമെന്റ് മണ്ഡലത്തിലെ വനിതകൾക്കായി “ Care for Cancer Cure” ക്യാമ്പിന് നാളെ തുടക്കം കുറിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. പത്തനംതിട്ടയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ആന്റോ ആന്റണി എംപി രൂപീകരിച്ച എംപവർ പത്തനംതിട്ടയും മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം അതിഥി രവി ഉദ്ഘാടനം ചെയ്യും. അശ്വതി അഭിലാഷ് മുഖ്യാതിഥി ആയിരിക്കും.
ഫെബ്രുവരി 28ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുമെങ്കിലും മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസക്കാലം പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും സൗജന്യമായി രോഗനിർണയം നടത്താവുന്നതും രോഗം നിർണ്ണയിക്കപ്പെടുന്നവർക്ക് സൗജന്യ തുടർ ചികിത്സ ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതി. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് മൊബൈൽ യൂണിറ്റുകൾ വഴി രോഗനിർണയം ഉറപ്പുവരുത്തുവാനുള്ള സംവിധാനവും സ്വീകരിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം സ്ത്രീകൾ ബ്രെസ്റ്റ് കാൻസർ എന്ന മാരകരോഗത്താൽ ബുദ്ധിമുട്ടുന്നുണ്ട്. ഈ രോഗത്തോടും അതിന്റെ വെല്ലുവിളികളോടു പോരാടുന്നവരും അതിനു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്നവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്.
എന്നാൽ കൃത്യമായ പരിശോധനകളിലൂടെയും ചിട്ടയോടെയുള്ള ചികിത്സയിലൂടെയും കൃത്യമായ ബോധവൽക്കരണത്തിലൂടെയും ഈ രോഗത്തെ നമുക്ക് ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. ഈ രോഗത്തെ വിജയകരമായി അതിജീവിച്ച നിരവധി വനിതകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. “Care for Cancer Cure” എന്ന ഈ പദ്ധതിയുടെ ലക്ഷ്യം സൗജന്യ പരിശോധനകളിലൂടെ രോഗസാധ്യത കണ്ടെത്തുകയും രോഗം സ്ഥിരീകരിച്ചാൽ അർഹരായവർക്ക് തുടർ ചികിത്സയുൾപ്പെടെ സകലഅനുബന്ധ കാര്യങ്ങളും സൗജന്യമായി നൽകുന്നതാണ്. ഈ പദ്ധതിയിലൂടെ നമ്മുടെ പാർലമെന്റ് മണ്ഡലത്തിലെ സ്ത്രീകൾക്ക് ഈ മാരകരോഗത്തെ നേരിടാൻ കരുത്തും ധൈര്യവും നൽകാൻ നമുക്ക് സാധിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.