പത്തനംതിട്ട : ഉന്നത വിദ്യാഭ്യാസവും ജോലി സാധ്യതയും സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരമേകി പിന്നോക്ക വിഭാഗ വികസന വകുപ്പും ഹയര്‍ സെക്കന്‍ഡറി ബോര്‍ഡും എച്ച്സിഎല്ലും സംയുക്തമായി കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയുടെ ഭാഗമായാണ് പരിപാടി നടന്നത്. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലസ്ടു പഠിക്കുന്നവര്‍ക്കും കോഴ്സ് കഴിഞ്ഞവര്‍ക്കുമായി നടത്തിയ സെമിനാറില്‍ കരിയര്‍ ഗൈഡന്‍സ് പരിശീലക വി ടി വിനീത, എച്ച്സിഎല്‍ ക്ലസ്റ്റര്‍ ഹെഡ് നാസിറാ നിജാസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.
പഠനത്തിനുശേഷം തിരഞ്ഞെടുക്കേണ്ട ജോലി സാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ചും ഇ-ഗ്രാന്‍ഡ്, വിദ്യാഭ്യാസ ലോണ്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി. അഭിരുചിക്കും താല്‍പര്യത്തിനും ഇണങ്ങുന്ന തുടര്‍പഠന മേഖല തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഷിബു പറഞ്ഞു.