തിരുവനന്തപുരം : ഷിപ്പിങ് കാര്‍ഗോ വഴി എത്തിയ പാഴ്‌സല്‍ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടുവെന്ന കേസില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി.
സംഭവത്തില്‍ നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഇക്കാര്യം കോടതിയിലും അറിയിച്ചിരുന്നു.
ശിവശങ്കറിന്റെ കൂടുതല്‍ ഇടപെടലുകള്‍, കുപ്പിവെള്ളം എന്ന പേരിലാണ് കാര്‍ഗോ എത്തിയതെങ്കിലും അതില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്ന സംശയം തുടങ്ങിയ കാര്യങ്ങളാണ് കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പരിശോധിക്കുക.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് കാര്‍ഗോ കൊച്ചിയിലെത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലാണ് പാര്‍സല്‍ വന്നത്. സംശയത്തെ തുടര്‍ന്ന് കാര്‍ഗോ പരിശോധിക്കാന്‍ അന്ന് അസസിങ് ഓഫീസര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പിന്നീട് പരിശോധന ഇല്ലാതെ കര്‍ഗോ വിട്ടുകൊടുത്തു. സ്വപ്‌നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നാണ് ഇ.ഡി കണ്ടെത്തിയത്.