ന്യൂഡല്‍ഹി : പശു കള്ളക്കടത്തു നടത്തിയ അഞ്ച് പേരെ തന്റെ അനുയായികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ മുന്‍ ബിജെപി എംഎല്‍എ ജ്ഞാന്‍ ദേവ് അഹൂജയ്‌ക്കെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. ഗോവിന്ദ് ഗഡില്‍ ട്രാക്ടര്‍ മോഷണമാരോപിച്ച് ഒരുകൂട്ടം ആളുകള്‍ തല്ലിക്കൊന്ന ചിരഞ്ജിലാല്‍ സെയ്‌നി എന്നയാളുടെ വീടു സന്ദര്‍ശിക്കുന്നതിനിടെ വിവാദപരാമര്‍ശം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
‘ലാവണ്ടിയിലും ബെഹ്‌റോറിലുമടക്കം 5 കള്ളക്കടത്തുകാരെ എന്റെ ആള്‍ക്കാര്‍ തല്ലിക്കൊന്നിട്ടുണ്ട്. എന്തു വേണമെങ്കിലും ചെയ്തു കൊള്ളാന്‍ ഞാനെന്റെ ആള്‍ക്കാര്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട്. കേസു വന്നാല്‍ ജാമ്യത്തിലെടുക്കാനും കുറ്റത്തില്‍ നിന്ന് മോചിപ്പിക്കാനും നടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട് ‘ അഹുജ വിഡിയോയില്‍ പറയുന്നു. നേരത്തേ രാജസ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്ലുഖാന്‍, റക്‌ബര്‍ ഖാന്‍ എന്നിവരാണു അഹുജ പരാമര്‍ശിച്ച 2 സംഭവങ്ങളിലുള്ളത്.
ബിജെപിയുടെ തനി സ്വഭാവമാണ് മുന്‍ എംഎല്‍എയുടെ വാക്കുകളിലൂടെ പുറത്തു വന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്താസ്ര ആരോപിച്ചു. ഇതേസമയം, പശുവിനെ ആരാധിക്കുന്നവരാണ് ഹിന്ദുക്കളെന്നും ഇത്തരക്കാരോടുള്ള പ്രതികരണം ഇങ്ങനെയായിരിക്കുമെന്നും നിലപാടില്‍ മാറ്റമില്ലെന്നും കേസെടുത്തശേഷവും അഹുജ മാധ്യമങ്ങളോടു പറഞ്ഞു.