ജയ്പുർ : രാജസ്ഥാനിൽ നാല് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒൻപത് അധ്യാപകർക്കും പ്രഥമാധ്യാപകനും എതിരെ കേസ്. ആൽവാറിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകർക്കെതിരെയാണ് കേസ്. അധ്യാപകർ ഭീഷണപ്പെടുത്തിയതായും അധ്യാപികമാർ പീഡനദൃശ്യങ്ങൾ പകർത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാഥിനികൾ ആരോപിച്ചു. ഒരു വിദ്യാർഥിയുടെ പിതാവ് മകൾ സ്കൂളിൽ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സ്കൂൾ പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരും ചേർന്ന് ഒരു വർഷത്തിലധികമായി കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാർഥിനി പിതാവിനെ അറിയിച്ചു. രണ്ട് അധ്യാപികമാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതായും വിദ്യാർഥിനി ആരോപിച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾകൂടി പരാതിയുമായി രംഗത്തെത്തി. പ്രഥമാധ്യാപകനും അധ്യാപകരും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായി മൂന്ന്, നാല്, ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പരാതി നൽകിയത്. സംഭവം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പറഞ്ഞു.
അന്വേഷണത്തെ തുടർന്ന് പ്രഥമാധ്യാപകനെതിരെയും ഒൻപത് അധ്യാപകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപകർ കൂട്ടബലാത്സം ചെയ്തതായും പീഡിപ്പിച്ചതായുമാണ് വിദ്യാർഥിനികളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തയായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. സംഭവം അധ്യാപികമാരോട് പറഞ്ഞപ്പോൾ മറ്റാരോടു പറയരുതെന്ന് ആവശ്യപ്പെട്ടതായും കുട്ടികൾ പോലീസിനോട് വ്യക്തമാക്കി.
ഫീസ് അടക്കാമെന്നും പുസ്തകങ്ങൾ വാങ്ങി നൽകാമെന്നും അധ്യാപികമാർ വാഗ്ദാനം ചെയ്തതായും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിന് ശേഷം അധ്യാപിക പ്രഥമാധ്യാപകൻ അടക്കമുള്ളവരുടെ വീടുകളിലേക്ക് നിരവധി തവണ കൊണ്ടുപോയതായും അവിടെ വെച്ച് പീഡനത്തിന് ഇരയായതായും വിദ്യാർഥിനി ആരോപിച്ചു. സംഭവത്തെക്കുറിച്ച് പരായി നൽകാനെത്തിയ തന്നെ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികളിലൊരാളുടെ പിതാവ് പറഞ്ഞു. സഹോദരൻ മന്ത്രിയാണെന്ന് പറഞ്ഞ പ്രഥമാധ്യാപകൻ, പരാതി നൽകിയാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ പ്രഥമാധ്യാപകൻ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അധ്യാപകൻ പറഞ്ഞു.