കൊല്ലം: പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിൽ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ പേരിൽ കേസെടുത്തു. ലീഗ് ദേശീയ കൗൺസിൽ അംഗമായ ശൂരനാട് സ്വദേശി അബ്ദുൾ വഹാബി(65)ന്റെ പേരിലാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. പന്മന വടക്കുംതല സ്വദേശി താജുദീനാണ് പണം നഷ്ടമായത്. കെഎംഎംഎല്ലിൽ ഇല്ലാത്ത തസ്തികയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്ത് ലീഗ് നേതാവ് അബ്ദുൾ വഹാബ് ലക്ഷങ്ങൾ കൈപറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എച്ച്ആർ ഡിപ്പാർട്മെന്റിൽ ജോലി വാങ്ങിനൽകാം എന്നായിരുന്നു യൂണിയൻ നേതാവുകൂടിയായ അബ്ദുൾ വഹാബിന്റെ വാഗ്ദാനം.
ലീഗിലെ ഉന്നത നേതാക്കളുമായുള്ള ബന്ധങ്ങളാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചത്. കുഞ്ഞാലികുട്ടിയുടേയും ഇബ്രാഹിം കുഞ്ഞിന്റെയും ആളുകൾ ഇപ്പോഴും കമ്പനിയിൽ ഉണ്ടെന്ന് വഹാബ് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പലപ്പോഴായി, അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ടുമാണ് നൽകിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ താജുദ്ദീനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.