ശ്രീകണ്ഠപുരം: റോഡുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ വീട്ടമ്മയെ ചീത്തവിളിച്ച് അപമാനിക്കുകയും റോഡിലേക്ക് പിടിച്ച് തള്ളിയിടുകയും ചെയ്ത എസ്.ഐക്കെതിരെ കേസ്.
ശ്രീകണ്ഠപുരം വയക്കരയിലെ കാപ്പാടന്‍ വീട്ടില്‍ കമലാക്ഷിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് ഗ്രേഡ് എസ്.ഐ പട്ടാന്നൂര്‍ നായാട്ടുപാറയിലെ കുറുന്താറ്റില്‍ കുറ്റ്യാട്ട് രാജനെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. വയക്കരയില്‍ രാജന്റെ സ്ഥലത്തിനോട് ചേര്‍ന്ന റോഡുമായി ബന്ധപ്പെട്ടതാണ് തര്‍ക്കം.
നേരത്തെ രാജന് റോഡ് തടസ്സപ്പെടുത്തിയതിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്ന് തന്റെ സ്ഥലം കൈയ്യേറിയതായി കാണിച്ച് രാജന് നല്കിയ പരാതിയില്‍ പ്രദേശവാസികളായ ചിലര്‍ക്കെതിരെ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് കമലാക്ഷിയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം രാജനെതിരെയും കേസെടുത്തത്.