കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് 4 പേർക്കെതിരെ കേസ്. ബുധനഴ്ച്ചയാണ് ഇവർ പണയ സ്വർണവുമായി ബാങ്കിലെത്തിയത്. സ്വർണം പണയം വെച്ച് പണം എടുക്കാനായി 26.400 ഗ്രാം വ്യാജ സ്വർണമാണ് കൊണ്ടുവന്നത്. 916 മുദ്ര പതിപ്പിച്ച വ്യാജ സ്വർണമാണ് കൊണ്ടു വന്നത്.ജീവനക്കാർക്ക് സംശയം തോന്നിയതോടെ കൂടുതൽ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഇത് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ബാങ്ക് അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. വ്യാജ സ്വർണം പണയംവയ്ക്കാൻ ശ്രമിച്ചതിന് കൊല്ലംപാറയിലെ വി.രമ്യ (32), കരിന്തളം സ്വദേശികളായ ഷിജിത്ത്, രതികല എന്നിവർക്കെതിരെയാണ് കേസ്. ബാങ്ക് സെക്രട്ടറി വി.മധുസൂദനനാണ് പരാതി നൽകിയിരിക്കുന്നത്.
പരിചയക്കാരായ രമ്യയും ഷിജിത്തും നീലേശ്വരത്തെ ഒരു ഫാന്‍സി കടയില്‍നിന്ന് മുക്ക് പണ്ടം വാങ്ങി ഷിജിത്തിന്റെ സുഹൃത്തായ ബിജുവിന്റെ ജൂവലറിയില്‍ പോയി 916 മുദ്ര പതിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂവലറി ഉടമ ബിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ സംഭവം കാഞ്ഞങ്ങാട്ടെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിലുമുണ്ടായി. മൂന്ന് മാസം മുൻപ് കാഞ്ഞങ്ങാട്ടെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയതിന് കൊളവയൽ മുട്ടുന്തലയിലെ എ.നൗഷാദിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. 11.9 ഗ്രാം സ്വർണം പണയപ്പെടുത്തി ഇയാൾ 65,726 രൂപയുടെ വായ്പയെടുത്തിരുന്നു. കഴിഞ്ഞ ജനുവരി 23 നാണ് സംഭവം. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഈ സ്വർണം വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ ബ്രാഞ്ച് മാനേജർ എം. മഞ്ജുള പോലീസിൽ പരാതി നൽകുകയായിരുന്നു.