പൂനെ: വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്. മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് പ്രാദേശിക ബിജെപി നേതാവായ പ്രമോദ് കോൺധ്രെക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. തിങ്കളാഴ്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുവെച്ചാണ് സംഭവം. കേസെടുത്തതിന് പിന്നാലെ കോൺധ്രയെ പാർട്ടി സിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥക്കെതിരെയാണ് കോൺധ്രെ ലൈംഗികാതിക്രമം നടത്തിയത്.
തിങ്കളാഴ്ച രാവിലെ മന്ത്രിയെത്തുന്നതിന് മുമ്പ് വേദിക്കടുത്ത് നിൽക്കുമ്പോഴാണ് കോൺധ്രെ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കോൺധ്രെയെ പാർട്ടി പദവിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും സ്ത്രീകൾക്കെതിരായ അതിക്രമം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി നേതാവായ ചിത്ര വാഗ് പറഞ്ഞു. കോൺധ്രെയുടെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് അർഹമായ ശിക്ഷ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വാഗ് പറഞ്ഞു.