പത്തനംതിട്ട : സ്കൂട്ടറിൽ വിദേശമദ്യം സൂക്ഷിച്ച് അനധികൃത വിലപ്പന നടത്തിയയാൾ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. റാന്നി അടിച്ചിപ്പുഴ അലിമുക്കിലാണ് സംഭവം. കഴിഞ്ഞദിവസം പട്രോളിങ്ങിനിടെ എസ് ഐ സായിസേനനും സംഘവും ഈ ഭാഗത്ത് എത്തിയപ്പോൾ അടിച്ചിപ്പുഴ ഇവഞ്ചലിക്കൽ പള്ളിക്കു സമീപം നാട്ടുമാക്കൽ ഷാജി എന്ന് വിളിക്കുന്ന സുരേഷ് വിദേശ മദ്യം അനധികൃതമായി വിൽക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
പള്ളിയുടെ എതിർവശത്തു റോഡിലായി സ്കൂട്ടറിന്റെ സീറ്റിന്റെ അടിയിലെ അറയിൽ നിന്നും മദ്യക്കുപ്പി അടുത്തുനിന്ന ഒരാൾക്ക് കൊടുക്കുന്നത് കണ്ട് പോലീസ് പാർട്ടി സമീപിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടറിന് അടുത്ത് നിന്നയാളെ ചോദ്യം ചെയ്തപ്പോൾ അരലിറ്റർ മദ്യം 700 രൂപയ്ക്ക് ഷാജിയുടെ കയ്യിൽ നിന്നും വാങ്ങിയതാണെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറും പ്രതി വില്പന നടത്തിയ മദ്യം അടങ്ങുന്ന കുപ്പിയും കസ്റ്റഡിയിലെടുത്ത ശേഷം ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ് ഐക്കൊപ്പം എസ് സി പി ഓ രഞ്ജിത്ത്, സി പി ഓ നിധീഷ് എന്നിവരാണുണ്ടായിരുന്നത്.