പത്തനംതിട്ട : തമിഴ്‌നാട് സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയെ കുടുക്കിയത് കൃത്യമായ അന്വേഷണം. അന്നത്തെ ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ ഉടനടി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മലയാലപ്പുഴ എസ്എച്ച്ഒ മനോജ് കുമാർ, വിമൻ സെൽ ഇൻസ്‌പെക്ടർ ലീലാമ്മ, പത്തനംതിട്ട എസ്ഐമാരായിരുന്ന സഞ്ജു ജോസഫ്, എസ്.സവിരാജൻ, സന്തോഷ്, എഎസ്ഐമാരായ സന്തോഷ്, ആൻസി, സിപിഒ അരുൺ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. നവീൻ എം.ഈശോ പറയുന്നു. 2021 ഏപ്രിൽ 5ന് ആണ് കേസിന് ആസ്പദമായ സംഭവം. ലഹരിക്കടിപ്പെട്ട പ്രതി പെൺകുട്ടിയെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കിയാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനായ അലക്സ് പാണ്ട്യനും തൊഴിൽതേടിയാണ് കുമ്പഴയിലെത്തിയത്. വാടകവീട്ടിൽ താമസമായ ശേഷം കുട്ടിയുടെ അമ്മ തന്റെ ആദ്യവിവാഹത്തിലെ രണ്ടു മക്കളിൽ മൂത്തകുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നു. കുട്ടിയുടെ അമ്മ അടുത്ത വീടുകളിൽ പണിക്കു പോകുമ്പോൾ മകളെ അലക്സിനെ ഏൽപിക്കും. കുട്ടി കൂടെയുള്ളത് അലക്സിന് ഇഷ്ടമായിരുന്നില്ല. കുട്ടിയുടെ പിതാവിനോടുള്ള വിരോധവും കൊലപാതകത്തിന് കാരണമായി.