പത്തനംതിട്ട : സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി റോബിൻ വിളവനാലിനെ വടിവാളുപയോഗിച്ച് വെട്ടിയ കേസിൽ സിപിഎം പത്തനംതിട്ട നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശനിയാഴ്ച സന്ധ്യയോടെ കൗൺസിലർ സാബു ഉൾപ്പെടെ പ്രതിസ്ഥാനത്ത് പരാമർശിക്കുന്ന നാലുപേരുടെ മൊഴിയാണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എടുത്തത്. ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള നഗരസഭാ ചെയർമാൻ സക്കീർ ഹുസൈന്റെ മൊഴിയെടുത്തിട്ടില്ല. ആക്രമിച്ചത് മുഖംമൂടി സംഘമായതിനാൽ വ്യക്തികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
മറ്റ് ശാസ്ത്രീയ വഴികൾ തേടുന്നുണ്ടെന്നും ആക്രമണത്തിലെ ചെയർമാന്റെ പങ്ക് നിലവിൽ വ്യക്തമായിട്ടില്ലെന്നുമാണ് വിശദീകരണം. അടുത്തിടെയാണ് പത്തനംതിട്ട കൊടുംതറ സ്വദേശി റോബിൻ വിളവിനാൽ സിപിഎം വിട്ട് സിപിഐയിൽ ചേർന്നത്. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് മുഖമൂടി സംഘം വീടിന് സമീപംവെച്ച് റോബിനെ ആക്രമിച്ചത്. പിന്തുടർന്നെത്തി അടിച്ചു താഴെയിട്ട ശേഷം വടിവാളിന് വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം നഗരസഭാ ചെയർമാൻ സക്കീർ ഹുസൈനും കൗൺസിലർ സാബുവും സംഘവുമാണെന്നായിരുന്നു റോബിൻ മൊഴി നൽകിയത്.