വയനാട്: മുട്ടില്‍ മരംമുറിക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. കുറ്റപത്രം ദുര്‍ബലമാണെന്നും വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. കുറ്റപത്രത്തിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സ്ഥിതിക്ക് നിലവിലുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തുടരുന്നത് കേസിന്റെ നടത്തിപ്പിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യുവിനെ മാറ്റിയേക്കും. അടുത്തദിവസം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ് സൂചന.
അന്നത്തെ വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ളയുടെ മൊഴിയെടുത്തില്ലെന്ന േപ്രാസിക്യൂട്ടറുടെ ആരോപണം ശരിയല്ല. തെളിവുകളില്ലാത്തതിനാല്‍ അദീല അബ്ദുള്ളയെ ഈ ഘട്ടത്തില്‍ പ്രതിചേര്‍ക്കുക സാധ്യമല്ല. കേസിലെ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രതികളെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കുറ്റപത്രത്തിലുണ്ട്. ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കും.