നാഗപൂർ: നാഗ്പൂരിൽ മുസ്‍ലിം വാദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച സ്കൂൾ അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. 2025-26 അധ്യായന വർഷത്തേക്ക് മുസ്‍ലിം സമുദായത്തിലെ പെൺകുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് നിർദേശിച്ചെന്ന പരാതിയെ തുടർന്നാണ് സിറ്റി പോലീസ് ഇവർക്കെതിരെ കേസെടുത്തത്.മെയ് 8-ന് ആറാം ക്ലാസ് പ്രവേശനത്തിനായി ഒരു കുട്ടിയുടെ കുടുംബം സ്കൂളിനെ സമീപിച്ചപ്പോൾ സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അംഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാൽ അസിസ്റ്റന്റ് ടീച്ചർ നടത്തിയ അന്വേഷണത്തിൽ മുസ്‍ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്കൂൾ ട്രസ്റ്റി രാജേഷ് ലാൽവാനി നിർദേശം നൽകിയതായി കണ്ടെത്തി. തുടർന്ന് സംഭവം പ്രിൻസിപ്പലിനെ അറിയിക്കുകയും, അവർ വിദ്യാർഥിയുടെ കുടുംബത്തോടൊപ്പം പൊലീസിൽ പരാതി നൽകുകയും ചെയ്തു. മെയ് 13-ന് മഹാരാഷ്ട്ര സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലേക്ക് അയച്ച പരാതിയെ തുടർന്നാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അന്വേഷണം നടത്തിയത്.
തുടർന്നുള്ള അന്വേഷണത്തിൽ മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളർത്തുകയും ചെയ്തതിന് മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 299 പ്രകാരം ഏതെങ്കിലും വർഗത്തിൻ്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. ഈ പ്രവർത്തി ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണകാക്കി. സ്കൂൾ പിന്നീട് പ്രവേശന നടപടികൾ പുനരാരംഭിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കുടുംബത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.