പട്ന : ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാൻ അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് ഓഗസ്ത് നാലിന് കത്തയച്ചെന്നും എന്നാൽ ഇതിന് പ്രതികരണം ലഭിച്ചില്ലെന്നുമുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മോദിക്കെതിരേ തേജസ്വി യാദവ് രംഗത്തെത്തിയത്. കേന്ദ്രവും ബിഹാറും ഭരിക്കുന്നത് എൻഡിഎ സർക്കാരുകളാണ്. ബിഹാർ നിയമസഭയിലെ പ്രതിപക്ഷമായ ഞങ്ങൾ മുഖ്യമന്ത്രിയെ കാണാനായി പോയിരുന്നു.
പ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി തേടണമെന്നും നമുക്ക് അദ്ദേഹത്തെ പോയി കാണാമെന്നും നിതീഷ് കുമാറിനോട് ഞങ്ങൾ പറഞ്ഞു. ഒരാഴ്ചയ്ക്കുുള്ളിൽ സമയം അനുവദിച്ചില്ലെങ്കിൽ അത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാവുമെന്ന് തേജസ്വി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചു നോക്കൂ അദ്ദേഹത്തിന് വേറെ പലരുമായും കൂടിക്കാഴ്ച നടത്താൻ സമയമുണ്ട്. പക്ഷെ ജാതി സെൻസസ് പോലെ പ്രധാനപ്പെട്ടൊരു വിഷയം ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാൻ സമയമില്ലെങ്കിൽ കൂടുതലൊന്നും പറയാനില്ല- തേജസ്വി പറഞ്ഞു.
ജാതി സെൻസസ് ആവശ്യപ്പെട്ടു ബിഹാർ നിയമസഭ കഴിഞ്ഞ വർഷം പാസാക്കിയ പ്രമേയത്തെ ജെഡിയു, ആർജെഡി കക്ഷികൾക്കു പുറമേ ബി.ജെ.പിയും പിന്തുണച്ചിരുന്നു. കേന്ദ്ര സർക്കാർ ജാതി സെൻസസ് നടത്തില്ലെന്ന നിലപാടെടുത്തത് ബിഹാറിൽ ബി.ജെ.പിക്കു തിരിച്ചടിയായിട്ടുണ്ട്.
ജാതി സെൻസസിനായി ബിഹാർ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടതു കേന്ദ്ര സർക്കാരാണ്. ജാതി സെൻസസ് നടത്തി പിന്നാക്ക സംവരണ തസ്തികകൾ പൂർണമായും നികത്തണം. മണ്ഡൽ കമ്മിഷൻ ശുപാർശകളിൽ അവശേഷിക്കുന്നവയും നടപ്പാക്കണമെന്നാണ് തേജസ്വിയുടെ ആവശ്യം.