തിരുവനന്തപുരം: പയ്യന്നൂര്‍ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മുഴുവന്‍ നേരിട്ട പ്രശ്‌നമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സമൂഹത്തില്‍ ജാതിചിന്ത ഇപ്പോഴും നിലനില്‍ക്കുന്നു. മനുഷ്യന് അയിത്തം കല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ വര്‍ധിക്കുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നു. ഈ സാമൂഹ്യവ്യവസ്ഥ ഉണ്ടാകുന്നത് ജാതിവ്യവസ്ഥയുടെ ദുരന്തമാണ്. ഇത്തരം ദുരന്തങ്ങളില്‍നിന്ന് കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യയില്‍ സംഭവിക്കുന്നതുപോലെ കേരളത്തില്‍ സംഭവിക്കാന്‍ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ല – മന്ത്രി പറഞ്ഞു.
തനിക്ക് പ്രയോരിറ്റി കിട്ടിയില്ല എന്നത് ഒരു പ്രശ്നമല്ല. ഒരു വ്യക്തിക്ക് പറ്റിയ കാര്യമല്ല. സമൂഹത്തിന്റെ മൊത്തം കാര്യമാണ്. ഇത് ബ്രാഹ്മണര്‍ക്ക് എതിരെയല്ല. എത്രയോ ബ്രാഹ്മണര്‍ സാമൂഹ്യമാറ്റങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്. ജാതിവ്യവസ്ഥ ഉണ്ടാക്കിയ മാനസികാവസ്ഥ പെട്ടെന്ന് ഒരുദിവസം മാറ്റാന്‍ കഴിയില്ല. അത് മനസില്‍ പിടിച്ച ഒരു കറയാണ്. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് ജാതിചിന്തയും മതചിന്തയും വരുമ്പോഴാണ്. കേരളത്തിലുും പലരുടേയും മനസില്‍ ജാതിചിന്ത ഇപ്പോഴുമുണ്ട്. അത് പുറത്തെടുത്താല്‍ സമൂഹം അംഗീകരിക്കില്ല എന്നതുകൊണ്ട് ചെയ്യാത്തതാണ്. ക്ഷേത്രത്തിലെ സംഭവം വലിയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം സംഭവങ്ങള്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല – മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.