റാന്നി : സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡായ മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ പാതയിൽ പെരുനാട് കൂനംകര മുതൽ ളാഹ വരെ കന്നുകാലികൾ യാത്രക്ക് തടസമുണ്ടാക്കുന്നതായി പരാതി. കൂനംകര ളാഹ മേഖലയിലാണ് തീർത്ഥാടന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കന്നുകാലികൾ വിഹരിക്കുന്നത്. തോട്ടം മേഖലയിൽ താമസിക്കുന്ന തൊഴിലാളികളും പ്രദേശവാസികളും കന്നുകാലികളെ അഴിച്ചുവിട്ടു വളർത്തുന്നതാണ് ഇതിനു കാരണം.
ശബരിമല തീർത്ഥാടന കാലത്തുപോലും കന്നുകാലികൾ ഇത്തരത്തിൽ വിഹരിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവാറുണ്ട്. വളവുകളിലും റോഡിന്റെ മധ്യത്തിലും കിടക്കുന്ന കന്നുകാലികൾ ഇരുചക്ര വാഹനങ്ങളില്‍ ഉൾപ്പടെ യാത്ര ചെയ്തെത്തുന്ന അയ്യപ്പന്മാർക്ക് ഭീഷണിയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നു ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പ ഭക്തർ റോഡ് പരിചയം ഇല്ലാത്തത് മൂലം പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ പാതയിലെ ഏറ്റവും ദുഷ്കരമായ കാര്യം കന്നുകാലികളെ വകഞ്ഞുമാറ്റി യാത്ര ചെയ്യണം എന്നുള്ളതാണ്. വാഹനങ്ങൾ കണ്ടു ഭയമില്ലാത്ത കന്നുകാലികൾ റോഡിന്റെ മധ്യഭാഗത്തുനിന്നും മാറാറില്ല.
കന്നുകാലികളെ രാവിലെ അഴിച്ചു വിട്ടാൽ ഉച്ചക്ക് കറവ സമയത്തു വീടുകളിൽ എത്തുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിലേക്ക് വേഗത്തിൽ പോകുകയായിരുന്ന കാർ വളവിൽ കന്നുകാലികൾ റോഡിന്റെ നടുക്ക് നിൽക്കുന്നതുകണ്ടു ബ്രേക്ക് ഇടവേ നിയന്ത്രണം വിട്ടിരുന്നെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവാകുകയായിരുന്നു. അധികൃതർ ഇടപെട്ട് ഇതിനു ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.