പാലക്കാട് : പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന (25), അന്‍സീനയുടെ സഹോദരന്‍ അനസ് (27) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ശേഖരീപുരം ഭാഗത്ത്, പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു, പ്രതികള്‍ പിടിയിലായത്. പശുക്കളെ കാണാനില്ലെന്ന് നിരന്തരം പരാതികള്‍ ലഭിച്ചതോടെയാണ് ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. പകല്‍ സമയങ്ങളില്‍, പട്ടണത്തില്‍ കറങ്ങി നടന്ന് ഇവര്‍ പശുക്കളുള്ള വീട് കണ്ടുവെക്കും. മുഹമ്മദ് ഹാഫിഫും അന്‍സീനയും സ്‌കൂട്ടറിലാണ് പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങാറ്.
തുടര്‍ന്ന്, രാത്രി മറ്റ് രണ്ട് പേര്‍ക്കൊപ്പം എത്തി പശുക്കളെ അഴിച്ചുകൊണ്ട് പോകുകയാണ് പതിവ്. ട്രാവലറില്‍ കയറ്റിയ പശുക്കളെ മഞ്ചേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുമെന്ന് പോലീസ് പറയുന്നു. പശുക്കളെ കടത്തിക്കൊണ്ടുപോകാനായി വാഹനത്തില്‍ സീറ്റ് അഴിച്ചുമാറ്റി പ്രത്യേകം രൂപകല്പന ചെയ്തിട്ടുണ്ട്. നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ആണ് മോഷണസംഘത്തെ പിടികൂടിയത്.