ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). മതസ്വാതന്ത്ര്യത്തിനും മനുഷ്യന്‍റെ അന്തസിനും നേരെയുള്ള ആക്രമണമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. 2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പോലീസിന്‍റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. വൈകുന്നേരം 5 മണിയോടെയാണ് വൈദികര്‍ക്കും തീര്‍ഥാടകര്‍ക്കും സ്റ്റേഷനില്‍ നിന്ന് മാണ്ട്‌ലയിലേക്ക് തിരികെ പോകാനായത്.
ജബൽപൂർ വികാരി ജനറൽ ഫാദർ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റർ ഫാദർ ജോർജ് ടി എന്നിവരുൾപ്പെടെ മുതിർന്ന പുരോഹിതന്മാരെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. ക്രിസ്ത്യൻ സമൂഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള പീഡനത്തിന്‍റെയും അക്രമത്തിന്‍റെയും അസ്വസ്ഥമായ രീതിയുടെ ഭാഗമാണെന്ന് സിബിസിഐ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ എന്നിവരുൾപ്പെടെയുള്ളവരോട് ഇടപെടാനും നീതി ഉറപ്പാക്കാനും സിബിസിഐ ആവശ്യപ്പെട്ടു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാനും ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സംഘടന മധ്യപ്രദേശ് സർക്കാരിനോട് ആവശ്യപ്പെടുന്നു. “ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം, ബഹുസ്വരത, മതസൗഹാർദ്ദം എന്നിവയെ അടിസ്ഥാനമാക്കിയാണ് വളരുന്നത്,” സിബിസിഐ ഊന്നിപ്പറഞ്ഞു.