ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ആദായനികുതി വകുപ്പ് കമ്മീഷണര്‍ ജീവന്‍ ലാല്‍ ലാല്‍വിദ്യ, ഷപൂര്‍ജി പല്ലോഞ്ജി ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കാന്തിലാല്‍ മെഹ്ത, സായ്‌റാം പാലിസെട്ടി, നാട്ട വീര നാഗശ്രീറാം ഗോപാല്‍, സാജിദ മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. ആദായനികുതി വകുപ്പിന്റെ അപ്പീലില്‍ ഷപൂര്‍ജി ഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുക്കാന്‍ 70 ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയതിനാണ് നടപടി. 2004 ബാച്ച് ഐആര്‍എസ് ഓഫീസറാണ് ജീവന്‍ ലാല്‍. തെലങ്കാനയിലെ മുന്‍ ബിആര്‍എസ് എംഎല്‍എ രാമുലു നായ്ക്കിന്റെ മകന്‍ കൂടിയാണ് ഇയാള്‍. ഹൈദരാബാദില്‍ ആദായനികുതി വകുപ്പ് കമ്മീഷണറായ ജീവന്‍ലാല്‍ ഇടനിലക്കാര്‍ വഴിയാണ് കൈക്കൂലി വാങ്ങിയിരുന്നത്.
മുംബൈയില്‍വെച്ച് ഇയാളുടെ ഇടനിലക്കാര്‍ കൈക്കൂലി തുകയായ 70 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് സിബിഐ സംഘം ഇവരെ പിടികൂടിയത്. ഇതിനുപിന്നാലെ ജീവന്‍ലാല്‍ അടക്കമുള്ളവരെ ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ സായ്‌റാം എന്നയാളാണ് ജീവന്‍ലാലിന്റെ ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ, ഹൈദരാബാദ് തുടങ്ങിയ 18 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായും സിബിഐ അറിയിച്ചു. കേസില്‍ ആകെ 15 പേരെയാണ് സിബിഐ പ്രതിച്ചേര്‍ത്തിരിക്കുന്നതെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.