ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പിൽ കേന്ദ്ര സർക്കാർ തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്നുമുതല്‍ 15 വരെ നടത്തുമെന്നായിരുന്നു സിബിഎസ്ഇയുടെ പ്രഖ്യാപനം.
ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്ഇ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുകയാണെങ്കിൽ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുക എന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നാണ് സൂചന.