ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടക്കും. കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് പരീക്ഷകള്‍. രാജ്യത്ത് ആകെ ഇനി നടക്കാനുള്ളത് 12 വിഷയങ്ങളിലെ പരീക്ഷകളാണ്. കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക് ഡൗണ്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നത്. പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.
ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26-നും നടക്കും. ജെഇഇ (മെയിന്‍) നടത്തുന്നതിനു മുമ്പ് പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു മാര്‍ച്ചില്‍ നിര്‍ത്തിവച്ച ഉത്തര കടലാസുകളുടെ വിലയിരുത്തല്‍ പുനരാരംഭിക്കുന്നതും സിബിഎസ് .ഇയുടെ പരിഗണനയിലുണ്ട്. അധ്യാപകര്‍ക്ക് ഉത്തരകടലാസുകള്‍ വീട്ടിലേക്ക് എത്തിക്കുക എന്നതാണ് പരിഗണിക്കുന്നത്.