ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചര്‍ച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വെയ്ക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളില്‍ ലോക് ഡൗണ്‍ അടക്കമുള്ള സാഹചര്യം നിലവിലുണ്ട്.
വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യാര്‍ഥമാണ് പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ. പരീക്ഷകളില്‍ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഇക്കാര്യത്തില്‍ ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞു. ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം പരീക്ഷ വേണ്ടെന്ന് വെയ്ക്കാനുള്ള തീരുമാനത്തിനോട് സമ്മിശ്ര വികാരം ആണ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പരീക്ഷ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനം എടുക്കുമ്പോള്‍ ബദല്‍ എന്തെന്ന കാര്യത്തില്‍ സിബിഎസ്‌ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയും റദ്ദാക്കിയിരുന്നു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക. എന്നാല്‍ 12 ാം ക്ലാസിലെ ഫലം എങ്ങനെയാണ് നിര്‍ണയിക്കുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 9, 10, 11 ക്ലാസുകളിലെ ശരാശരി മാര്‍ക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് നിര്‍ണയിക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ചര്‍ച്ചകളില്‍ ഉള്ളത്. ഉപരിപഠനത്തിനുള്ള അവസരങ്ങളില്‍ പിന്തള്ളപ്പെട്ട് പോകുമോ എന്നത് അടക്കമുള്ള ആശങ്കകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഉണ്ട്.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നേരത്തേ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല മാറ്റിവെച്ച പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.