ദില്ലി : കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്‌ഇ. എന്നാല്‍ പ്രധാന പാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്‌ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ വെട്ടിക്കുറയ്ക്കല്‍ നടത്തിയത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്കൂള്‍ സിലബസ് കാര്യമായി പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. പഠനഭാരവും പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തില്‍ ബാക്കി വന്ന പരീക്ഷകള്‍ സിബിഎസ്‌ഇ റദ്ദാക്കിയിരുന്നു. പുതുക്കിയ മൂല്യനിര്‍ണയത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ഇത് സുപ്രീംകോടതി അംഗീകരിക്കുകകൂടി ചെയ്തതോടെ ഫലം ജൂലൈ രണ്ടാം വാരത്തോടെ പുറത്തുവരുമെന്നതാണ് സൂചന. ഐസിഎസ്‌ഇയും സമാനമായ രീതിയില്‍ സിബലസ് വെട്ടിക്കുറച്ചിരുന്നു. 25 ശതമാനമാണ് ഐസിഎസ്‌ഇ സിലബസ് വെട്ടിക്കുറച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വഴി പല സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളും ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും ഫലപ്രദമായ രീതിയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് എത്തിക്കുന്നതിലുള്ള പ്രശ്നങ്ങളുള്ളതിനാലും നേരിട്ടുള്ള ക്ലാസ്സുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാലും സിലബസ് കുറയ്ക്കുന്നുവെന്നാണ് ബോര്‍ഡുകള്‍ വ്യക്തമാക്കുന്നത്.