ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്. ഈ വിജ്ഞാപനം ഉടനെത്തന്നെ സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി വിജ്ഞാപനം അതേപടി അംഗീകരിച്ചു. സിബിഎസ്ഇയുടെ നിലപാട് അംഗീകരിച്ച് ഹർജികൾ തീർപ്പാക്കുകയും ചെയ്തു. ഐസിഎസ്ഇയും ഒരാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മറ്റു പരീക്ഷകളെക്കുറിച്ചുള്ള കേസുകളെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്നലെയാണ് പരീക്ഷ റദ്ദാക്കിയതായി സിബിഎസ്ഇ പ്രഖ്യാപിച്ചത്. പുതുതായി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയേണ്ടവ ഇവയാണ്:
-
- വിദ്യാർത്ഥികളുടെ ഇന്‍റേണൽ അസസ്സ്മെന്റിന്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കും
- എല്ലാ പരീക്ഷകളും എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്‍റേണൽ അസസ്സ്മെന്‍റ് മാർക്കുകളല്ല, എഴുത്തുപരീക്ഷാ ഫലം തന്നെയാകും അന്തിമം
- കേരളത്തിൽ പരീക്ഷകൾ നടന്നതിനാൽ അതിലെ മാർക്കുകൾ തന്നെയാകും അന്തിമം
- മൂന്ന് പരീക്ഷകൾ മാത്രം എഴുതിയവർക്ക് മികച്ച മാർക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലം എടുക്കും. അതിന്‍റെ ശരാശരി മാർക്കാകും നടക്കാത്ത മറ്റ് പരീക്ഷകൾക്കെല്ലാം ഉണ്ടാകുക
- ഇന്‍റേണൽ അസസ്സ്മെന്‍റ് അനുസരിച്ചുള്ള മാർക്കുകൾ ചേർത്ത് പരീക്ഷാഫലം ജൂലൈ 15-നകം പ്രസിദ്ധീകരിക്കും
- സാഹചര്യം മെച്ചപ്പെട്ടാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാം. ഇങ്ങനെ പരീക്ഷ എഴുതുന്നത് ഇംപ്രൂവ്മെന്‍റ് പരീക്ഷയായി കണക്കാക്കും, ഈ ഫലമായിരിക്കും അന്തിമം
- പത്താം ക്ലാസുകാർക്ക് ഇനി പരീക്ഷയില്ല, ഇന്‍റേണൽ അസസ്സ്മെന്‍റ് അനുസരിച്ച് തന്നെയാകും മാർക്ക്
- ഡല്‍ഹിയിൽ പന്ത്രണ്ടാം ക്ലാസിൽ ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയ കുട്ടികൾക്കുള്ള നിബന്ധനയും വേറെയാണ്
- അവർക്ക് എഴുതിയ പരീക്ഷകളുടെയും ഇന്‍റേണൽ അസസ്മെന്‍റിന്‍റെയും അടിസ്ഥാനത്തിലാകും മാർക്ക്
- ഇവർക്ക് ഭാവിയിൽ നടന്നേക്കാവുന്ന ഇംപ്രൂവ്മെന്‍റ് പരീക്ഷയിലും പങ്കെടുക്കാം