കൊച്ചി : കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഡല്‍ഹി മോഡല്‍ പഠിക്കേണ്ട ആവശ്യമില്ലെന്നും അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹിം ഖാന്. ഇന്ത്യയിലെ സി.ബി.എസ്.ഇ സ്കൂളുകളില്‍ പഠന നിലവാരത്തിലും വിജയ ശതമാനത്തിലും ഒന്നാം സ്ഥാനത്തു നില്ക്കുന്ന കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഡല്‍ഹി സ്കൂളുകളുടെ മാതൃക പിന്തുടരാനോ അവയില്‍നിന്ന് എന്തെങ്കിലും പുതിയതായി പഠിക്കാനോ ഇല്ല.
ഈ വിവരം സി.ബി.എസ്.ഇ അധികൃതരെയും കേരള വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ ഉള്ളവരെയും അറിയിച്ചിട്ടുണ്ട്. ആരെങ്കിലും വ്യക്തിപരമായി ഡല്‍ഹി സ്കൂളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അസോസിയേഷന് ഔദ്യോഗികമായി പ്രതിനിധികളെ അയക്കണമെങ്കില്‍ അത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും അത്തരം കാര്യങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും അസോസിയേഷന് പ്രസിഡന്റ് വ്യക്തമാക്കി.