ന്യൂഡല്‍ഹി : 15 മാസം നീണ്ട സഹനസമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയതിന്റെ ആഹ്‌ളാദത്തില്‍ കര്‍ഷകര്‍. സിംഘു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികളില്‍നിന്ന് പഞ്ചാബിലേക്കും ഹരിയാനയിലേക്കും ഇന്നു വിജയയാത്രയായി മടങ്ങും. ഭീകരരെന്നും ഖലിസ്ഥാനികളെന്നുമടക്കം വിളിച്ച് പരിഹസിച്ചപ്പോഴും കേന്ദ്രസർക്കാരിനെതിരെ പതറാതെ പോരാടി വിജയിച്ച കരുത്തുമായാണ് കർഷകരുടെ മടക്കം. ഡൽഹി അതിർത്തിയിൽ ചില ചടങ്ങുകൾ നടത്തിയ ശേഷം കർഷകർ മടക്കയാത്ര ആരംഭിക്കും. ട്രാക്ടറുകളിൽ വീടുകളിലേക്കു പോകുന്ന കർഷകര്‍ക്കു ദേശീയപാതയിൽ സ്വീകരണങ്ങളും ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണു വിജയയാത്ര ആസൂത്രണം ചെയ്തത്. എന്നാൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച നടക്കുന്നതിനാൽ യാത്ര ഇന്നത്തേക്കു മാറ്റുകയായിരുന്നു. രാവിലെ 9 മണി മുതൽ വിജയാഘോഷം തുടങ്ങി.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് കേന്ദ്രം രേഖാമൂലം ഒപ്പിട്ടു കൈമാറിയതിനു പിന്നാലെ ഡല്‍ഹി – ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ യോഗം ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ മിനിമം താങ്ങുവിലയ്ക്കു ലീഗൽ ഗാരണ്ടി വേണമെന്നും കർഷകർക്കെതിരായ കേസുകള്‍ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കർഷകര്‍ അതിർത്തിയിൽ തുടരുകയായിരുന്നു. വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കണമെന്നതടക്കമുള്ള 5 ആവശ്യങ്ങളിലുള്ള ഉറപ്പ് കേന്ദ്ര കൃഷി മന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ രേഖാമൂലം കൈമാറി.
താങ്ങുവില ഉറപ്പാക്കാന്‍ നിയമിക്കുന്ന സമിതിയില്‍ കര്‍ഷക പ്രതിനിധികളെയും ഉള്‍പ്പെടുത്തും. പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കാന്‍ യുപി, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സര്‍ക്കാരുകള്‍ സമ്മതമറിയിച്ചു. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കും. മലിനീകരണ നിയന്ത്രണ നിയമത്തില്‍ കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം, പിഴ എന്നിവ ചുമത്താനുള്ള വ്യവസ്ഥയും ഒഴിവാക്കും. ഉറപ്പുകള്‍ കേന്ദ്രം പാലിക്കുന്നുവെന്നു പരിശോധിക്കാന്‍ ജനുവരി 15നു സംയുക്ത കിസാന്‍ മോര്‍ച്ച ഡല്‍ഹിയില്‍ യോഗം ചേരും.